ബംഗളൂരു: തീവണ്ടിക്ക് മുകളില്‍ കയറി നിന്ന് ‘ടിക്ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റു. ബംഗളൂരുവിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ സിറ്റി റെയില്‍വേ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്.
ബംഗളൂരു സ്വദേശിയായ 22 കാരന്‍ മൈസൂരുവില്‍നിന്നെത്തിയ ചരക്കുതീവണ്ടിയുടെ മുകളില്‍ക്കയറി നിന്നാണ് ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. അതിനിടെ മുകളിലൂടെ പോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതിക്കമ്പിയില്‍ തട്ടുകയായിരുന്നു.
ഷോക്കേറ്റ് യുവാവ് താഴേക്ക് തെറിച്ചുവീണു. റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഇയാളെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇത്തരത്തിലുള്ള സംഭവം കര്‍ണാടകത്തില്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ട്രെയിനിനു മുകളില്‍ കയറി നിന്ന് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച നിരവധി പേര്‍ക്കാണ് ഷോക്കേറ്റത്. മാണ്ഡ്യയില്‍ കുളത്തിലിറങ്ങി ‘ടിക്ടോക്’ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ പതിനേഴുകാരി മുങ്ങിമരിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം. തുടര്‍ന്ന് ‘ടിക്ടോക്’ നിരോധിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതിലുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു.