ലോക്ക് ഡൗണ്‍, ഡല്‍ഹിയില്‍ എന്തെല്ലാം ഇളവുകള്‍ വേണം..? കെജരിവാളിന് ലഭിച്ചത് അഞ്ച് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: മെയ് 17ന് ശേഷം ഡല്‍ഹിയില്‍ എന്തെല്ലാം ഇളവുകള്‍ വേണമെന്നത് സംബന്ധിച്ച് ജനങ്ങള്‍ നിന്നും ലഭിച്ചത് അഞ്ച് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജല്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവരുമായി നടത്തുന്ന മീറ്റിങ്ങില്‍ ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുമായും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായും നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രധാന നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘നിങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളെല്ലാം ഇന്നത്തെ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്യും. ഡല്‍ഹിക്ക് എത്രത്തോളം ഇളവുകള്‍ നല്‍കാം എന്നതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അയക്കും.’ അദ്ദേഹം പറയുന്നു.

വേനലവധി കഴിയുന്നതുവരെ സ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്നാണ് കൂടുതല്‍ ആളുകളും നിര്‍ദേശിച്ചിരിക്കുന്നതെന്ന് കെജരിവാള്‍ പറയുന്നു. ഹോം ഡെലിവിറിക്കായി ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കണം. ബാര്‍ബര്‍ഷോപ്പുകള്‍, സ്പാ, സലൂണുകള്‍, സിനിമ ഹാള്‍, സ്വിമ്മിങ് പൂള്‍ എന്നിവ അടച്ചിടണമെന്ന കാര്യത്തിലും എല്ലാവര്‍ക്കും ഒരേ അഭിപ്രായമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് 17നു ശേഷം ഡല്‍ഹിയില്‍ എന്തൊക്കെ ഇളവുകള്‍ വേണമെന്നതിനെക്കുറിച്ച് കെജരിവാള്‍ ജനങ്ങളില്‍ നിന്ന് മുഖ്യമന്ത്രി നിര്‍ദേശം തേടിയിരുന്നു. ഇതിനാണ് അഞ്ച് ലക്ഷം നിര്‍ദേശങ്ങള്‍ ലഭിച്ചത്. 17-നു ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും സാമൂഹിക അകലം പാലിക്കണമെന്നും അറിയിച്ച മുഖ്യമന്ത്രി ജനങ്ങള്‍ ഇക്കാര്യത്തില്‍ എന്തുചിന്തിക്കുന്നു എന്നറിയാനാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്.

Exit mobile version