ന്യൂഡല്‍ഹി: സര്‍ക്കാരിന് നല്‍കാനുള്ള തുക പൂര്‍ണ്ണമായും തിരികെ നല്കാന് തയ്യാറാണെന്ന് ആവര്‍ത്തിച്ച് വിവാദ വ്യവസായി വിജയ് മല്യ. തുക സ്വീകരിച്ച് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നുമാണ് വിജയ് മല്യയുടെ ആവശ്യം. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകള്‍ വിജയ് മല്യക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.
കൊവിഡ് റിലീഫ് പാക്കേജായി 20 ലക്ഷം കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാറിനെ അഭിനന്ദിച്ചുകൊണ്ട് ഇട്ട ട്വീറ്റിലാണ് താന്‍ പണം തിരിച്ചടക്കാന്‍ തയ്യാറാണെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമുള്ള പണം സര്‍ക്കാറിന് അച്ചടിച്ചിറക്കാന്‍ കഴിയുമെന്നും എന്തിനാണ് തന്നെപ്പോലെ ചെറിയ സംഭാവകനെ 100 ശതമാനം തിരിച്ചടവ് വാഗ്ദാനം ചെയ്തിട്ടും അവഗണിക്കുന്നതെന്നും മല്യ ചോദിക്കുന്നുണ്ട്.
മല്യയുടെ ട്വീറ്റ് ഇങ്ങനെ;
‘ കൊവിഡ് 19 ദുരിതാശ്വാസ പാക്കേജിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അച്ചടിക്കാന്‍ കഴിയും, എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെപ്പോലുള്ള ഒരു ചെറിയ സംഭാവകനെ നിരന്തരം അവഗണിക്കണോ? എന്റെ പണം നിരുപാധികമായി എടുത്ത്, കേസ് അവസാനിപ്പിക്കൂ,”
Discussion about this post