ന്യൂഡൽഹി: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ അഭിഭാഷകരുടെ ഡ്രസ് കോഡിൽ ഇളവ് വരുത്താൻ ആലോചിക്കുന്നതായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. വെള്ള ഷർട്ടും കറുത്തതോ വെളുത്തതോ ആയ പാന്റ്സും ആകും പുതിയ ഡ്രസ് കോഡ്. ഇത് സംബന്ധിച്ച നിർദേശം ഉടൻ പുറത്ത് ഇറക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു.
ഗൗൺ, റോബ് എന്നിവയിലൂടെ വൈറസിന്റെ വ്യാപനം ഉണ്ടാകാമെന്ന വിദഗ്ധരുടെ ഉപദേശത്തെ കുറിച്ച് ഒരു കേസിന്റെ വാദം കേൾക്കുന്നതിന് ഇടയിലാണ് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ഉൾപ്പടെ ഉള്ള ജഡ്ജിമാർ ഇപ്പോൾ വാദം കേൾക്കുമ്പോൾ ഗൗണും റോബ്സും അണിയാത്തത് എന്തുകൊണ്ടാണെന്ന് സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആരാഞ്ഞിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസ് അഭിഭാഷകരുടെ ഡ്രസ് കോഡിലും മാറ്റം വരുത്താൻ ആലോചിക്കുന്ന കാര്യം വ്യക്തമാക്കിയത്.
നേരത്തെ മുതൽ തന്നെ, ജഡ്ജിമാരുടെയും, അഭിഭാഷകരുടെയും ഗൗണും റോബ്സും കൊളോണിയൽ കാലത്തെ വസ്ത്രധാരണ രീതി ആണെന്നും ഇത് മാറ്റണമെന്നുമുള്ള ആവശ്യം പല തവണ ഉയർന്നിരുന്നു.
Discussion about this post