ന്യൂഡല്‍ഹി: യുപിഐ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗൂഗിള്‍ പേയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഗൂഗിള്‍ പേയില്‍ പുതിയതായി ചേരുന്നവര്‍ക്ക് നിലവിലുള്ള യുപിഐ ഐഡി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇത് യുപിഐയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരനായ സുബം കാപാലെ പറയുന്നത്.
ഡല്‍ഹി ഹൈക്കോടതി ഈ ഹര്‍ജിയില്‍ മെയ് 14ന് വാദംകേള്‍ക്കും. ഗൂഗില്‍ പേയില്‍ പുതിയതായി ചേരുന്നവര്‍ പുതിയ യുപിഐ ഐഡിയോ വ്യര്‍ച്വല്‍ പേയ്മെന്റ് അഡ്രസ്സോ(വിപിഎ)ഉണ്ടാക്കണമെന്നാണ് ഗൂഗിള്‍ പേ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക്, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ധനമന്ത്രാലയം, ഗൂഗിള്‍ പേ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നതായും ഹര്‍ജിക്കാരനായ സുബം കാപാലെ പറഞ്ഞു.
നിലവിലുള്ള ഐഡി ഉപയോഗിച്ച് എല്ലാ യുപിഐ അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളിലൂടെയും ഇടപാട് നടത്താന്‍ അനുവദിക്കണമെന്ന വ്യവസ്ഥയുടെ ലംഘനമാണ് ഇപ്പോള്‍ ഗൂഗിള്‍ പേ നടത്തിയത് എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത് .