ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. രാജ്യത്തെ നാല് സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം 24000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1026 പോസിറ്റീവ് കേസുകളും 53 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 921 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 24 മണിക്കൂറിനിടെ 426 പോസിറ്റീവ് കേസുകളും 28 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.
ഡല്‍ഹിയില്‍ ഇതുവരെ 524 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് സംസ്ഥാനത്തെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ ഇതുവരെ 7639 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ 8904 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 537 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.
തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 8718 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 716 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 510 കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. എട്ട് പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. 59 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post