ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരും. നാലാംഘട്ടത്തില്‍ പുതിയ മാനദണ്ഡങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാലാംഘട്ട ലോക്ഡൗണ്‍ നടപ്പാക്കുക. മെയ് 18ന് മുമ്പ് എല്ലാ വിശദവിവരങ്ങളും പുറത്തിറക്കും.
കോവിഡ് ഉടനൊന്നും നമ്മുടെ ജീവിതത്തില്‍ നിന്ന് വിട്ടുപോകില്ല. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് അനുവദിക്കും. പാക്കേജ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ പത്തുശതമാനമാണ്. ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും. എല്ലാത്തരം തൊഴില്‍ മേഖലകള്‍ക്കും സഹായം ലഭിക്കും. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങി എല്ലാ ഘടകങ്ങളും പാക്കേജിന്റെ ഭാഗമായിരിക്കും. ധനമന്ത്രി വരുംദിവസങ്ങളില്‍ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ നല്‍കും.
ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. കോടിക്കണക്കിന് ജീവിതങ്ങള്‍ വെല്ലുവിളി നേരിടുന്നു. ഇത്തരമൊരു പ്രതിസന്ധി ലോകം ഒരിക്കലും നേരിട്ടിട്ടില്ല. ഉറ്റവര്‍ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു. നമ്മള്‍ തകരില്ല, തോല്‍ക്കില്ല. കോവിഡില്‍ നിന്ന് രക്ഷപെടുകയും മുന്നേറുകയും ചെയ്യും.
നമ്മുടെ ദൃഢനിശ്ചയം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയേക്കാള്‍ വലുതാണ്. സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കോവിഡ് പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്. ആപത്തിനെ അവസരമാക്കിയതുകൊണ്ടാണ് പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം മറികടന്നത്. ലോകം ധനകേന്ദ്രീകൃതമായ സ്ഥിതിയില്‍ നിന്ന് മനുഷ്യകേന്ദ്രീകൃതമായി മാറി. ഇന്ത്യയ്ക്ക് മാനവരാശിയുടെ ക്ഷേമത്തിനായി ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ കഴിയും.
രാജ്യത്ത് ധീരമായ പരിഷ്‌കരണ നടപടികള്‍ ആവശ്യമാണ്. വാണിജ്യ, വ്യവസായ, നിക്ഷേപമേഖലകളില്‍ വന്‍ ചലനമുണ്ടാകും. ആഗോള വിപണനശൃംഖലയില്‍ കടുത്ത മല്‍സരത്തിന് രാജ്യത്തെ സജ്ജമാക്കും.
Discussion about this post