ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ ഇത്തരം ആവശ്യം ഉയര്‍ന്നിരുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അപ്പോള്‍ പറഞ്ഞെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് അതിതീവ്രമായി ബാധിച്ച മേഖലകളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരാനും രോഗബാധ നിയന്ത്രിക്കപ്പെട്ട മേഖലകളില്‍ വിപുലമായ ഇളവുകള്‍ നല്‍കി ലോക്ക് ഡൗണ്‍ നീട്ടാനും ഇന്നലത്തെ ചര്‍ച്ചയില്‍ ധാരണയായിരുന്നു. മെയ് 17-നാണ് ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം അവസാനിക്കുന്നത്. അതെസമയം രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
ഗുരുതരമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളല്ലെങ്കില്‍ അവിടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. എന്നാല്‍ റെഡ്, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രാത്രി കര്‍ഫ്യൂവും പൊതുഗതാഗത നിരോധനവും ഉള്‍പ്പടെ തുടരാനാണ് സാധ്യത. മെയ് 15-നകം സോണുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ പട്ടിക കൈമാറാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post