കൊവിഡ് സ്ഥിരീകരിച്ച അഞ്ച് എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്

ന്യൂഡല്‍ഹി: നേരത്തേ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച അഞ്ച് എയര്‍ഇന്ത്യാ പൈലറ്റുമാരുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ചൈനയിലേക്ക് ചരക്കുമായി പോയ ബോയിങ് 787 വിമാനത്തിന്റെ പൈലറ്റുമാരായിരുന്നു ഇവര്‍. ശനിയാഴ്ചയാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

അഞ്ച് പൈലറ്റുമാര്‍ക്ക് പുറമേ ഒരു ടെക്നീഷ്യനും മറ്റൊരു ജീവനക്കാരനും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ശനിയാഴ്ച 77 പൈലറ്റുമാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നത്. ഈ പരിശോധനയിലാണ് അഞ്ച് പൈലറ്റുമാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം അഞ്ച് പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഏപ്രില്‍ 20നാണ് ഇവര്‍ വിമാനം പറത്തിയിരുന്നത്.

ആദ്യ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയായിരുന്നു. രണ്ടാമത് റാന്‍ഡം പിസിആര്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു വ്യത്യാസം പരിശോധനാ ഫലത്തില്‍ സംഭവിച്ചത് എന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേ സമയം പൈലറ്റുമാര്‍ക്ക് ആദ്യപരിശോധന നടത്തിയ ടെസ്റ്റ്കിറ്റുകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Exit mobile version