ന്യൂഡല്‍ഹി: മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കുമ്പോഴും രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 70756 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 87 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2293 ആയി ഉയര്‍ന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 22454 പേരാണ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 23000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1230 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 36 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 868 ആയി. മഹാരാഷ്ട്രയില്‍ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇതിനോടകം 14,521 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ ഇതുവരെ 528 പേരുടെ ജീവനുകളാണ് കൊറോണ കവര്‍ന്നെടുത്തത്.
Discussion about this post