ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ മരണസംഖ്യയും ഉയരുകയാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ വന്ന് തിരിച്ചുപോയ ആളുകളെ നിരീക്ഷണത്തിലാക്കി പരിശോധിച്ച് തുടങ്ങിയത് മുതല്‍ സംസ്ഥാനത്ത് ദിവസവും 500 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതുവരെ ഏഴായിരത്തിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 798 ല്‍ 538 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്.
നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മഹാരാഷ്ട്രയ്ക്ക് സമാനമായ അവസ്ഥയിലേക്കാണ് തമിഴ്നാട് നീങ്ങുന്നത്. സംസ്ഥാനത്തെ ആശുപത്രികളില്‍ സ്ഥല സൗകര്യം കുറഞ്ഞതോടെ രോഗലക്ഷണങ്ങളില്ലാത്ത വൈറസ് ബാധിതരെ അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രീതിയിലേക്ക് ചികിത്സാ രീതി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ദിണ്ടിഗലിലും വിരുദ് നഗറിലും കന്യാകുമാരിയിലും ഓരോരുത്തര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ചെന്നൈയില്‍ നാല് പേരും കടലൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികിത്സയിലിരിക്കെ മരിച്ചത്. 32 ഉം 36 ഉം വയസ്സുള്ള സ്ത്രീകളും വൈറസ് ബാധമൂലം മരിച്ചു. തമിഴ്നാട്ടില്‍ ആദ്യമായാണ് 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ വൈറസ് ബാധമൂലം മരിക്കുന്നത്.