മുംബൈ: രാജ്യത്തെ ഒന്നടങ്കം ആശങ്കയിലാക്കി മഹാരാഷ്ട്രയിലെ കൊറോണ രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 23000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1230 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം 36 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് 868 പേരാണ് ഇതിനോടകം കൊറോണ ബാധിച്ച് മരിച്ചതെന്ന് തിങ്കളാഴ്ച മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. മഹാരാഷ്ട്രയില്‍ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
ഇതിനോടകം 14,521 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ ഇതുവരെ 528 പേരുടെ ജീവനുകളാണ് കൊറോണ കവര്‍ന്നെടുത്തത്. തിങ്കളാഴ്ച മാത്രം മുംബൈയില്‍ 20 പേര് മരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചത് 782 പേര്‍ക്കാണ്.
മഹാരാഷ്ട്രയില്‍ കൊറോണ നിയന്ത്രിക്കാനാവാതെ പടര്‍ന്നുപിടിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെയും സര്‍ക്കാരിനേയും ജനങ്ങളേയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതേസമയം, രോഗംപിടിപെട്ട 4786 പേര്‍ക്ക് ഇതുവരെ രോഗംഭേദമായി എന്ന വാര്‍ത്ത നേരിയ ആശ്വാസമേകുന്നു.
Discussion about this post