ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന ട്രെയിനിന് കേരളത്തില്‍ ഒമ്പത് സ്റ്റോപ്പുകളില്‍ ഇല്ലെന്നും തിരുവനന്തപുരം കൂടാതെ രണ്ട് സ്റ്റോപ്പുകള്‍ മാത്രമാണ് ഉള്ളതെന്നും റെയില്‍വേ അറിയിച്ചു. കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. നേരത്തേ തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്റ്റോപ്പുകളുണ്ടെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
കൊങ്കണ്‍ പാത വഴിയാണ് കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസ്. കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ചയാണ് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുക. വെള്ളിയാഴ്ചയാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിച്ചേരുക. കോട്ട, വഡോദര, വാസൈ റോഡ്, പന്‍വേല്‍, രത്നഗിരി, സാവന്ത്വാഡി റോഡ്, മഡ്ഗാവ്, കാര്‍വാര്‍, ഉടുപ്പി, മംഗലാപുരം, കോഴിക്കോട്, എറണാകുളം ജംഗ്ക്ഷന്, തിരുവനന്തപുരം എന്നിങ്ങനെയാണ് വണ്ടിയുടെ യാത്ര.
ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് നാളെ മുതലാണ് പുനഃരാരംഭിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്. അതേസമയം ടിക്കറ്റ് വിതരണം ഓണ്‍ലൈനില്‍ കൂടി മാത്രമായിരിക്കും. ഇന്ന് വൈകീട്ട് നാലുമണി മുതല്‍ ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
യാത്രക്കാര്‍ ഒരു മണിക്കൂര്‍ മുമ്പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്നാണ് അധികൃതര്‍ അറിയിച്ചത്. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. യാത്രക്കാരെ പരിശോധിച്ച് രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ റെയില്‍വേ സ്റ്റേഷന്റെ അകത്തേക്ക് കടത്തിവിടുകയുള്ളൂവെന്നാണ് റെയില്‍വേ അറിയിച്ചത്.
Discussion about this post