ന്യൂഡല്‍ഹി: കൊറോണ ബാധിച്ച് അതിഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കുന്നതിനിടെ സ്വന്തം സുരക്ഷാ കവചം അഴിച്ചു മാറ്റിയ ഡോക്ടര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനും എയിംസിലെ സീനിയര്‍ റസിഡന്റ് ഡോക്ടറുമായ സാഹിദ് അബ്ദുള്‍ മജീദാണ് സ്വന്തം ജീവന് പോലും മറന്ന് രോഗിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. കൊറോണ രോഗിയെ ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ ആരോഗ്യസ്ഥിതി വഷളായി. തുടര്‍ന്ന് വിവരമറിഞ്ഞ് മജീദ് ആംബുലന്‍സില്‍ എത്തി സന്ദര്‍ശിച്ചപ്പോള്‍ ശ്വാസം വലിക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു രോഗി.
ട്യൂബു വഴി കൃത്രിമ ശ്വാസോച്ഛ്വാസം രോഗിക്ക് നല്‍കിയിരുന്നു. എന്നാല്‍ ചില തടസ്സങ്ങളെ തുടര്‍ന്ന് രോഗിയുടെ ട്യൂബ് ഊരി വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ഈ സമയം ധരിച്ചിരുന്ന ഗോഗിള്‍സ് മൂലം കാഴ്ച ശരിയാവാഞ്ഞതാണ് സുരക്ഷാ കവചം ഊരാന്‍ ഡോക്ടറെ പ്രേരിപ്പിച്ചത്.
വീണ്ടും ഇന്‍ട്യുബേറ്റ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ഒരു പക്ഷെ രോഗിയുടെ മരണത്തിന് കാരണമാവുമായിരുന്നുവെന്ന് ഡോക്ടര്‍ മജീദ് പറയുന്നു. ”ഇന്‍ട്യൂബേറ്റ് ചെയ്യപ്പെട്ട രോഗി മരണ വെപ്രാളത്തിലായതിനാല്‍ ഞാന്‍ ഉടന്‍ തന്നെ വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആംബുലന്‍സിനുള്ളില്‍ ഗോഗിളിലൂടെയുള്ള കാഴ്ച ശരിയാവാത്തതിനാല്‍ ഗോഗിളുകളും ഫെയ്സ് ഷീല്‍ഡും ഞാന്‍ നീക്കംചെയ്യുകയായിരുന്നു.” മജീദ് വ്യക്തമാക്കി.
‘രോഗിയുടെ ജീവന് രക്ഷിക്കാനായി സുരക്ഷാ കവചം എടുത്തു മാറ്റാന്‍ മജീദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. തന്റെ ചുമതല നിറവേറ്റുന്നതിനായി വൈറസ് ബാധയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള പരിതസ്ഥിതിക്ക് അദ്ദേഹം സ്വയം വിധേയനാകുകയായിരുന്നു’. എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാര് പറയുന്നു.
സഹീദ് അബ്ദുല്‍ മജീദ് തൊഴിലിനായി സ്വയം സമര്‍പ്പിച്ച അനുകമ്പയുള്ള ഡോക്ടറാണെന്നും അദ്ദേഹം തന്റെ നോമ്പു തുറക്കാന്‍ പോലും സമയമില്ലാതെയാണ് ആശുപത്രിയിലേക്ക് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോമ രോഗിയെ ചികിത്സിക്കുന്നതിനിടെ സ്വന്തം സുരക്ഷ കവചം അഴിച്ചു മാറ്റിയ ഡോക്ടര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.
Discussion about this post