ആശുപത്രികള്‍ കൊറോണ ബാധിതരെ കൊണ്ട് നിറഞ്ഞു, ചെന്നൈ ഗുരുതരാവസ്ഥയില്‍, ദക്ഷിണേന്ത്യയിലാകെ ഭീതി പടര്‍ത്തി കോയമ്പേട് മാര്‍ക്കറ്റ്

ചെന്നൈ: ചെന്നൈ നഗരത്തിലും ഭീതി പരത്തി കൊറോണ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം കുതിച്ചുയരുന്നതോടെ നഗരത്തിലെ ആശുപത്രികളില്‍ ഇനിയും ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ ക്വാറന്റൈന്‍ സെന്ററുകളിലേക്കും വീടുകളിലെ നിരീക്ഷണത്തിലേക്കും ആളുകളെ മാറ്റിത്തുടങ്ങി.

വളരെ ഗുരുതരാവസ്ഥയിലൂടെയാണ് ചെന്നൈ കടന്നുപോകുന്നത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ച 669ല്‍ 509 പേരും ചെന്നൈയിലാണ്. സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച 47ല്‍ 28 പേരും ചെന്നൈ നിവാസികളാണ്. ചെന്നൈയില്‍ മാത്രം ഒമ്പത് വയസ്സിന് താഴെയുള്ള 148 കുട്ടികള്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം ചെന്നൈയില്‍ കൊറോണ ബാധിച്ചതില്‍ അഞ്ച് പേര്‍ ഡോക്ടര്‍മാരാണ്. ഒരാള്‍ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജിലും മറ്റ് നാല്‌പേര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നു. കൊറോണയ്‌ക്കെതിരെ പോരാടുന്ന 55 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 194 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ചു.

കോയമ്പേട് മാര്‍ക്കറ്റില്‍ വന്ന പോയ 26 വ്യാപാരികള്‍ക്ക് ആന്ധ്രയിലെ ചിറ്റൂര്‍,നെല്ലൂര്‍,കടപ്പ എന്നിവിടങ്ങളിലായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വയനാട്ടില്‍ ഒടുവില്‍ സ്ഥിരീകരിച്ച ഏഴ് കൊറോണ കേസുകളും കോയമ്പേട് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടതാണ്. കോയമ്പേട് നിന്നുള്ള രോഗ വൈറസ് വ്യാപനം ദക്ഷിണേന്ത്യയിലാകെ ഭീതി പടര്‍ത്തുന്ന സാഹചര്യത്തിലേക്ക് പോകുകയാണ്.

Exit mobile version