കൊൽക്കത്ത: രാജ്യത്തെ പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ഹരി ശങ്കർ വാസുദേവൻ (68) കൊവിഡ് ബാധിച്ച് കൊൽക്കത്തയിൽ വെച്ച് അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. പനി ബാധിച്ച് മേയ് നാലിന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് രണ്ടുദിവസത്തിനു ശേഷം കൊവിഡ് പോസിറ്റീവാണെന്നു പരിശോധനാഫലം വന്നിരുന്നു. പിന്നാലെ, ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് വെന്റിലേറ്ററിലാക്കിയിരുന്നു.
യൂറോപ്യൻ, റഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും ആഴത്തിലുള്ള അവഗാഹമുണ്ടായിരുന്ന വാസുദേവൻ കേംബ്രിജ് സർവകലാശാലയിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്.
ലണ്ടൻ കിങ്‌സ് കോളജ്, കൽക്കട്ട സർവകലാശാല, ഡൽഹി ജാമിയ മിലിയ സർവകലാശാല തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രവും വിദ്യാഭ്യാസവും സംബന്ധിച്ച നിരവധി സർക്കാർ കമ്മിറ്റികളിൽ അംഗമായിരുന്നു.
Discussion about this post