ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറന്നേക്കണമെന്ന് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ലോക്ക്ഡൗണില്‍ സാമൂഹിക അകലം പാലിക്കാത്തത് സംബന്ധിച്ച ആശങ്കയെ തുടര്‍ന്ന് മദ്യവില്പനശാലകള് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രജനികാന്ത് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
‘ഈ സമയത്ത് സംസ്ഥാനത്തെ മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറന്നേക്കണം’ എന്നാണ് രജനികാന്ത് പറഞ്ഞത്. ഖജനാവുകള്‍ നിറക്കാന്‍ ദയവായി മികച്ചവഴികള്‍ നോക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യഷാപ്പുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കമല്ഹാസന്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് എന്നിവരും കടുത്ത ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ മദ്യഷോപ്പുകള്‍ തുറക്കരുതെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരേയാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം അപ്പീല്‍ നല്‍കിയത്. തമിഴ്നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പന വിഭാഗമായ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിധി സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നതാണെന്ന് അപ്പീലില്‍ ആരോപിച്ചത്.
Discussion about this post