കൊവിഡ് 19; രോഗവ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ രോഗവ്യാപനം രൂക്ഷമായ പത്ത് സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പിനെ സഹായിക്കുകയാണ് ദൗത്യം.

രോഗവ്യാപനം രൂക്ഷമായ ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചിരിക്കുന്നത്. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുമായി സഹകരിച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കുകയാണ് ലക്ഷ്യം.

ഗുജറാത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 7797 ആയി. ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 6500 കടന്നിരിക്കുകയാണ്. ത്രിപുരയില്‍ 17 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരായ അര്‍ധസൈനികരുടെ എണ്ണം 600 കവിഞ്ഞു. അതേസമയം ഭാരത് ബയോടെകുമായി സഹകരിച്ച് കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള നടപടിക്ക് ഐസിഎംആര്‍ തുടക്കമിട്ടു.

Exit mobile version