‘ഇനി ഇവന്‍ എന്റെ സ്വന്തം മകനെപ്പോലെ’; ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചു മരിച്ച പോലീസുകാരന്റെ മകന്റെ സംരക്ഷണം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചു മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ മകന്റെ സംരക്ഷണം ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീര്‍. കുട്ടിയുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചുമതലകള്‍ ഇനി ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുക്കുമെന്ന് എംപി അറിയിച്ചു.

തിങ്കളാഴ്ചയാണ് അമിത് കുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. ഇതിനുശേഷം രണ്ട് സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഗംഭീര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സര്‍ക്കാരാണ് കോണ്‍സ്റ്റബിളിന്റെ മരണത്തിന്റെ കാരണക്കാര്‍ എന്നാണ് ഗംഭീര്‍ ആരോപിച്ചത്. തുടര്‍ന്നാണ് അമിത് കുമാറിനെ മടക്കിനല്‍കാന്‍ നമുക്കാകില്ലെങ്കിലും മകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും ഗംഭീര്‍ അറിയിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അമിത് കുമാര്‍ ഡല്‍ഹി ഭാരത് നഗര്‍ പോലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യയും മൂന്നു വയസുള്ള ഒരു മകനുമൊത്ത് വാടകവീട്ടിലായിരുന്നു താമസം. കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചിരുന്നു.

Exit mobile version