അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കാന്‍സറെന്ന് പറഞ്ഞ് പ്രചരിച്ച സംഭവത്തില്‍ ഗുജറാത്തില്‍ നാലു പേര്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍നിന്നാണ് ഗുജറാത്ത് പോലീസ് ഇവരെ പിടികൂടിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം മുതലാണ് അമിത് ഷായ്ക്ക് കാന്‍സറാണെന്ന വ്യാജ ട്വീറ്റും അതിന്റെ സ്‌ക്രീന്‍ഷോട്ടുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. അമിത് ഷായുടെ ഔദ്യോഗിക അക്കൗണ്ടില്‍നിന്നുള്ള ട്വീറ്റെന്ന വ്യാജേനയാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ട്വീറ്റ് വ്യാപകമായി പ്രചരിച്ചത്.
തനിക്ക് കാന്‍സറാണെന്നും മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. തുടര്‍ന്ന് ട്വിറ്ററില്‍ അമിത് ഷാ കാന്‍സര്‍ എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടുകയും ചെയ്തു.