ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുമായി സംസ്ഥാനത്തേയ്ക്ക് ട്രെയിന്‍ എത്താന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ വിമര്‍ശിച്ച് മമതാ ബാനര്‍ജിക്ക് കത്തയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്രെയിനുകള്‍ക്ക് അനുമതി നല്‍കാത്തത് പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും തീരുമാനം അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ കത്തില്‍ പറയുന്നു.
കുടുങ്ങി നില്‍ക്കുന്ന കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്രത്തിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. റെയില്‍വേ നടത്തിക്കൊണ്ടിരിക്കുന്ന ‘ശ്രമിക്’ ട്രെയിന്‍ സംസ്ഥാനത്ത് എത്താന്‍ ബംഗാള്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അമിത് ഷാ കത്തില്‍ ആരോപിക്കുന്നുണ്ട്. രണ്ടര ലക്ഷത്തോളം കുടിയേറ്റക്കാരെ ലോക്ക്ഡൗണിനിടയില്‍ നാടുകളിലേക്കെത്താന്‍ കേന്ദ്രം സഹായിച്ചിട്ടുണ്ട്. നിസ്സഹകരണം കുടിയേറ്റക്കാര്‍ക്ക് പ്രയാസമുണ്ടാക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.