ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59,662 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1981 ആയി ഉയര്‍ന്നു. ഇതുവരെ 17847 പേര് രോഗമുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 19,000 കടന്നു. പുതുതായി 1089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 19,063 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയര്‍ന്നു. അതേസമയം സംസ്ഥാനത്ത് ഇതുവരെ 3470 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയില്‍ വൈറസ് ബാധിതരുടെ എണ്ണം 11967 ആയി. ധാരാവിയില്‍ മാത്രം 808 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 26 പേരാണ് വൈറസ് ബാധമൂലം ധാരാവിയില്‍ മരിച്ചത്.
അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. രാജ്യത്തെ 216 ജില്ലകള്‍ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Discussion about this post