ലുധിയാന: തന്നെ ആക്രമിക്കാന്‍ വന്നവരാണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാരന് വെടിവെച്ചതിനെ തുടര്‍ന്ന് കബടിതാരം കൊല്ലപ്പെട്ടു. പഞ്ചാബിലെ ലഖന്‍ കാ പാഡെ സ്വദേശിയായ അരവിന്ദര്‍ജിത്ത് സിങ്ങാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തില്‍ എഎസ്ഐ അറസ്റ്റിലായി. പഞ്ചാബ് പോലീസിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പരംജിത്ത് സിങ്ങാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാളെ സര്‍വീസില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ലഖന്‍ കെ പാഡെ ഗ്രാമത്തില്‍ വച്ചാണ് സംഭവമുണ്ടായത്. സുഹൃത്തായ മംഗുവിനെ വീട്ടില്‍ വിടാന്‍ കാറില്‍ പോവുകയായിരുന്നു പരംജിത്ത് സിങ്. ഇവിടെവച്ച് മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ആറ് യുവാക്കളുമായി ഇവര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടയിലാണ് പരംജിത്ത് സിങ് തന്റെ ലൈസന്‍സുള്ള 32 റിവോള്‍വറില്‍ നിന്ന് നിറയൊഴിച്ചത്.
വെടിയേറ്റ അരവിന്ദര്‍ജിത്ത് സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെടുകയായിരുന്നു. ഇവര്‍ തമ്മില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായാണ് പോലീസ് പറയുന്നത്. അരവിന്ദര്ജിത്തിനെ കാറില്‍ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തിയാണ് പരംജിത്ത് വെടിവെച്ചതെന്നും പോലീസ് പറയുന്നു. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു.
Discussion about this post