ചെന്നൈ; ഗജ ചുഴലിക്കാറ്റ് ദുരിതം വിതച്ച തമിഴ്നാടിന് സഹായഹസ്തവുമായി എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് നടന് വിജയ് സേതുപതി. കേരളം സമയബന്ധിതമായി നടത്തിയ സഹായപ്രവര്‍ത്തനങ്ങളുടെ പേരിലാണ് താരം മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചത്.
തമിഴ്നാട്ടില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചത് കൂടാതെ തമിഴരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് ഇപ്പോള്‍ പത്തുകോടി രൂപ ദുരിതാശ്വാസസഹായവും പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് അവര്‍കളുടെ സഹായ മനസ്കതയ്ക്കും സഹോദരസ്നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു…. എന്നാണ് വിജയ് സേതുപതി ട്വിറ്ററില്‍ കുറിച്ചത്.
ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ ആഞ്ഞടിച്ചതിന് അടിയന്തര സഹായങ്ങളുമായി കേരളം മുന്നോട്ട് വന്നിരുന്നു. അവശ്യ വസ്തുകളും മരുന്നുകളും കൂടാതെ കെഎസ്ഇബി ജീവനക്കാരേയും തമിഴ്നാട്ടിലേക്ക് അയച്ച സംസ്ഥാനം സാധ്യമായ എല്ലാ സഹായവും ചെയ്യാമെന്ന് തമിഴ്നാടിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ മന്ത്രിസഭാ യോഗം തമിഴ്നാടിന് പത്ത് കോടിയുടെ സഹായം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കേരളത്തിന്റെ സഹായമനസ്കത നവമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് സേതുപതി മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി ട്വീറ്റ് ചെയ്തത്.
Discussion about this post