ഭരണ കൂടമാണ് ഇവിടെ പരാജയപ്പെട്ടത്; അമിതിന്റെ മകനെ സ്വന്തം മകനായി വളർത്തും; ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച പോലീസുകാരന്റെ മകനെ സംരക്ഷിക്കുമെന്ന് ഗംഭീർ

ന്യൂഡൽഹി: ഡൽഹി പോലീസിലെ കൊവിഡ് 19 ബാധിച്ച് മരിച്ച ഉദ്യോഗസ്ഥന്റെ മകനം സ്വന്തം മകനെ പോലെ സംരക്ഷിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ ഗൗതം ഗംഭീർ. ഡൽഹി പോലീസ് കോൺസ്റ്റബിൾ അമിത് കുമാറിന്റെ മൂന്നു വയസ്സുകാരൻ മകന്റെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ഉത്തരവാദിത്തം ഗൗതം ഗംഭീർ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡൽഹിയിലെ സർക്കാർ സംവിധാനമാണ് അമിത് കുമാറിന്റെ മരണത്തിന് ഉത്തരവാദികളെന്നും ഗംഭീർ ആരോപിച്ചു. അമിത് കുമാറിന്റെ മകനെ ഏറ്റെടുത്ത വിവരം ട്വിറ്ററിലൂടെയാണ് ഗംഭീർ പ്രഖ്യാപിച്ചത്. ഡൽഹിയിലെ രണ്ട് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെട്ട അമിത് കുമാർ ചൊവ്വാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ പ്രകടമാക്കി 24 മണിക്കൂറിനുള്ളിലായിരുന്നു മരണം. ഡൽഹിയിൽ കോവിഡിന് കീഴടങ്ങിയ ആദ്യ പൊലീസുകാരൻ കൂടിയാണ് അമിത് കുമാർ.

തിങ്കളാഴ്ച ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അമിത് കുമാർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. രാവിലെ കടുത്ത ശ്വാസതടസ്സമുണ്ടായതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു.

ഈ സാഹചര്യത്തിലാണ് ഗംഭീർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ‘നമ്മുടെ ഭരണവിഭാഗമാണ് അദ്ദേഹത്തെ തോൽപ്പിച്ചത്, നമ്മുടെ സംവിധാനങ്ങളാണ് അദ്ദേഹത്തെ തോൽപ്പിച്ചത്, ഡൽഹിയാണ് അദ്ദേഹത്തെ തോൽപ്പിച്ചത്. കോൺസ്റ്റബിൾ അമിതിനെ ജീവനോടെ തിരിച്ചെത്തിക്കാൻ നമുക്കിനി കഴിയില്ല. എങ്കിലും അദ്ദേഹത്തിന്റെ മകനെ എന്റെ മകനേപ്പോലെ വളർത്തുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. ജിജിഎഫ് അവന്റെ പഠനകാര്യങ്ങളും ഏറ്റെടുക്കും’- ഗംഭീർ ട്വീറ്റ് ചെയ്തു.

പോലീസ് സംവിധാനത്തിനെതിരെ സ്ഥിരമായി ആക്ഷേപമുന്നയിക്കുന്നവർ കോൺസ്റ്റബിൾ അമിത് ജീയുടെ ജീവത്യാഗം ഓർക്കണം. കോവിഡ് 19നെതിരായ പ്രതിരോധത്തിനിടെയാണ് അതേ രോഗം ബാധിച്ച് അദ്ദേഹം മരിച്ചതെന്ന് ഗംഭീർ മറ്റൊരു ട്വീറ്റിൽ കുറിച്ചു.

ഹരിയാനയിലെ സോനിപത് സ്വദേശിയായ 31കാരനായ അമിത് കുമാറിന് ഭാര്യയും മൂന്നു വയസ്സുള്ള മകനുമുണ്ട്. വടക്കു-പടിഞ്ഞാറൻ ഡൽഹിയിലെ ഭാരത് നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്നു അദ്ദേഹം. മരിച്ച അമിത് കുമാറിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചിരുന്നു.

Exit mobile version