ലഖ്‌നൗ: തൊഴിലിനായി അന്യദേശത്തേക്ക് പോയ ഒരു തൊഴിലാളിയും യുപിയിലേക്ക് കാൽനടയായി മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹി പോലുള്ള മഹാനഗരങ്ങളിൽ നിന്നും ഒരു കുടിയേറ്റ തൊഴിലാളിയും ഉത്തർപ്രദേശിലേക്ക് കാൽനടയായി മടങ്ങരുതെന്നാണ് യോഗി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. കുടിയേറ്റക്കാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാർ സജീവപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും യുപി മുഖ്യമന്ത്രി ഉത്തരവിൽ വ്യക്തമാക്കി.
ലോക്ക്ഡൗൺ തുടരുന്നതിനിടെ പ്രായമായവരും കുട്ടികളുമടങ്ങുന്ന സംഘങ്ങൾ നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി യാത്ര നടത്തിവരുന്നതിനിടെയാണ് യോഗിയുടെ നിർദേശം. അവരെ വാഹനങ്ങളിലും മറ്റും കെണ്ടുവരുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്താനാണ് നിർദേശം.
കാൽനടയായി ഒരു കുടിയേറ്റതൊഴിലാളിയും സംസ്ഥാനത്തേക്ക് മടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം. മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ ഡൽഹിയിൽ നിന്ന് നോയിഡയിലേക്ക് നടന്നുവരികയായിരുന്ന 172 പേരെ ബുലന്ദേശ്വറിൽ വെച്ച് യുപി പോലീസ് തടഞ്ഞു. ഇവർക്ക് ഭക്ഷണം നൽകിയ ശേഷം പ്രദേശത്തെ ഒരു കോളേജിലേക്ക് മാറ്റി. ഇവരെ നാട്ടിലേക്ക് എത്തിക്കുന്നതിന് പ്രാദേശിക ഭരണകൂടം ബസുകൾ ക്രമീകരിക്കുന്നുണ്ട്. ഡൽഹി, ഹരിയാണ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് യുപിയിലെ തങ്ങളുടെ വീടുകളിലേക്ക് ആയിരകണക്കിന് തൊഴിലാളികളാണ് കാൽനടയായി വന്നുക്കൊണ്ടിരിക്കുന്നത്. ഇവരെയെല്ലാം തടഞ്ഞ് വാഹനങ്ങളിലെത്തിക്കാനാണ് യുപി സർക്കാർ ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്.
Discussion about this post