മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നു. മുംബൈ പോലീസിലെ 250 പോലീസുകാർക്കാണ് ഇതിനോടകം കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റ പോലീസ് സ്‌റ്റേഷനിൽ മാത്രം 27 പോലീസുകാർക്ക് രോഗം ബാധിച്ചതും ഏറെ ആശങ്കയുണ്ടാക്കുകയാണ്. മുംബൈ നഗരത്തിൽ സർ ജെജെ മാർഗ് പോലീസ് സ്‌റ്റേഷനിലാണ് 27 പോലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധാരാവി, വാഡല, വക്കോല എന്നീ പോലീസ് സ്‌റ്റേഷനുകളിലും നിരവധി പോലീസുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, രോഗം ബാധിച്ച് ഇതുവരെ മൂന്ന് പോലീസുകാരാണ് മുംബൈയിൽ മരിച്ചത്. മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, രോഗബാധ സ്ഥിരീകരിച്ച പോലീസുകാരിൽ ഭൂരിപക്ഷം പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ആരുടെയും നില ഗുരുതരമല്ലെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി.
മുംബൈയിലേതടക്കം മഹാരാഷ്ട്രയിലൊട്ടാകെ തന്നെ ഇതുവരെ 531 പോലീസുകാർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 480 പേരും കോൺസ്റ്റബിൾമാരാണ്. 51 പേർ പോലീസ് ഉദ്യോഗസ്ഥരാണ്. മഹാരാഷ്ട്രയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ച് പോലീസുകാരാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള നഗരമായ മുംബൈയിൽ ഇതുവരെ 10,714 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post