ന്യൂഡൽഹി: വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച് ചേർത്തു. വിശാഖപട്ടണത്ത് വിഷവാതകം ചോർന്ന് എട്ടുപേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും പങ്കെടുത്തു.
ദുരന്തബാധിതരുടെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ‘വിശാഖപട്ടണത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ദുരന്തനിവാരണ അതോറിറ്റിയുമായി സംസാരിച്ചിട്ടുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാൻ പ്രാർത്ഥിക്കുന്നു.’ മോഡി ട്വീറ്റ് ചെയ്തു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയുമായും പ്രധാനമന്ത്രി സംസാരിച്ചു. ആവശ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. അമിത് ഷായും അനുശോചനവും പിന്തുണയും അറിയിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ‘വിശാഖപട്ടണം വാതകച്ചോർച്ച അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ദുരിതബാധിതർക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകണമെന്ന് ഞാൻ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അഭ്യർത്ഥിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ രാഹുൽ ട്വീറ്റ് ചെയ്തു.
വിശാഖപട്ടണത്തെ എൽജി പോളിമർ ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയിൽ ആറു പേർ മരിച്ചെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുന്നൂറോളം പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയായിരുന്നു ചോർച്ചയുണ്ടായത്. സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണ്.
Discussion about this post