ന്യൂഡൽഹി: മുസ്ലിങ്ങൾ രാജ്യത്ത് കൊറോണ പടർത്തുന്നുവെന്ന ആരോപണം വെറും തെറ്റിധാരണ മാത്രമാണെന്നും ഇത് യാഥാർത്ഥ്യമല്ലെന്നും ആർഎസ്എസിന്റെ മുതിർന്ന നേതാവ് ദത്താത്രേയ ഹൊസബാലെ. മുസ്ലിങ്ങൾ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിദേശ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇത്തരം ആരോപണങ്ങൾ നിർഭാഗ്യകരമാണ്. സർസംഘചലക് മോഹൻ ഭഗവത് പറഞ്ഞതുപോലെ കുറച്ചുപേരുടെ വീഴ്ചക്ക് മുഴുവൻ സമൂഹത്തെയും കുറ്റപ്പെടുത്തേണ്ടതില്ല. ഇന്ത്യയിലെ മുസ്ലിങ്ങളുടെ ക്ഷേമം സർക്കാർ നന്നായി പരിഗണിക്കുന്നുണ്ടെന്നും ഹൊസബാലെ അവകാശപ്പെട്ടു. മത വിവേചനമില്ലാതെ 130 കോടി ഇന്ത്യക്കാരെക്കുറിച്ചാണ് ആർഎസ്.എസ് സംസാരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം സമൂഹവും സർക്കാരും ഒരുമിച്ച് നേരിടണം. കൊറോണാനന്തര ലോകത്തും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ഭാഷ, മതം, ദേശീയത, വിദ്യാഭ്യാസം, വംശം, സമൂഹം എന്നിവയൊന്നും പരിഗണിക്കാതെ കൊറോണ വൈറസ് എല്ലാവരുടെയും പൊതു ശത്രുവാണ്. ഇതിനെതിരായ പോരാട്ടത്തിലും വിവേചനമുണ്ടാകരുത് അദ്ദേഹം പറഞ്ഞു.
2014ൽ ബിജെപി അധികാരത്തിൽ വന്നശേഷം അരക്ഷിതാവസ്ഥ അനുഭവിക്കുന്ന മുസ്ലിംങ്ങളെ സുരക്ഷിതരാക്കാൻ ആർഎസ്എസ് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് എന്തുകൊണ്ടാണെന്ന് ഹൊസബാലെ തിരിച്ചു ചോദിച്ചു.
സർക്കാർ ആരോടും വിവേചനം കാണിക്കുന്നില്ല. ജൻധൻ, ഉജ്വൽ തുടങ്ങിയ പദ്ധതികൾ മുസ്ലിങ്ങൾക്കിടയിലെ ഏറ്റവും ദരിദ്രരിൽ എത്തിയിരിക്കുന്നു. ഉത്തർപ്രദേശിലും ബീഹാറിലും ധാരാളം മുസ്ലിങ്ങൾക്ക് ഈ പദ്ധതികളിൽ നിന്ന് പ്രയോജനം ലഭിച്ചു. മുഖ്യമന്ത്രിമാർ, പ്രസിഡന്റുമാർ തുടങ്ങി ഉന്നത സ്ഥാനങ്ങളിൽ മുസ്ലിങ്ങൾ വഹിച്ചിട്ടുണ്ട്. അവർക്ക് മറ്റാരെയും പോലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാം. കൊറോണ സമയത്ത് ഹിന്ദു സമൂഹം നടത്തിയ സേവനങ്ങൾ മുസ്ലിങ്ങളെ എങ്ങനെ പരിപാലിക്കുന്നു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.