ലഖ്‌നൗ: കൊവിഡ് വ്യാപനം തടയുന്നതിനായി നിയമവും കർശ്ശനമാക്കി ഉത്തർപ്രദേശ് സർക്കാർ. പബ്ലിക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ ഓർഡിനൻസ്, 2020 യുപി നിയമസഭയിൽ പാസായി. മനഃപൂർവ്വം കൊവിഡ് 19 പരത്തി ആളപായം ഉണ്ടായാൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായാണ് പരിഗണിക്കുക. ഈ ഓർഡിനൻസിനാണ് ഉത്തർപ്രദേശിൽ അംഗീകാരം ലഭിച്ചത്.
മനഃപൂർവ്വം ഒരു വ്യക്തി മറ്റൊരു വ്യക്തിയ്ക്ക് രോഗം പകർത്തിയാൽ സെക്ഷൻ 24 പ്രകാരം പകർത്തിയ ആൾക്ക് രണ്ട് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ഒരു കൂട്ടം ആളുകളിലേക്ക് രോഗം പടർത്തിയാൽ ശിക്ഷാ കാലാവധി കൂടം. രോഗിയ്ക്ക് മരണം സംഭവിച്ചാൽ സെക്ഷൻ 26 പ്രകാരം ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും ഒടുക്കേണ്ടി വരും. ക്വാറന്റൈൻ, ഐസൊലേഷൻ നടപടികൾ ലംഘിക്കുന്നവർക്കും, സുരക്ഷാ നിർദേശങ്ങൾ പാലിക്കാത്തവർക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് യുപി പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
രോഗം മറച്ചുവെക്കുന്നത്, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് രോഗം പരത്തുന്നത് തുടങ്ങിയവ ഒരു വർഷം മുതൽ 3 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നിയമസഭയിൽ പാസായ ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കും.