വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ മദ്യവിൽപ്പന ശാലകൾ തുറന്നതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം ഉൾപ്പടെയുള്ള സകല നിയന്ത്രണങ്ങളും ലംഘിച്ച് ജനങ്ങൾ മദ്യശാലയ്ക്ക് മുന്നിൽ തിക്കിതിരക്കാൻ ആരംഭിച്ചതോടെ വിചിത്ര തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ. വിശാഖപട്ടണത്ത് മദ്യ ഷോപ്പുകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ സ്‌കൂൾ അധ്യാപകരെയാണ് അധികൃതർ നിയോഗിച്ചിരിക്കുന്നത്.
ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ച് ക്യൂ നിർത്താനും സാമൂഹ്യ അകലം ഉറപ്പാക്കാനുമാണ് പോലീസിനൊപ്പം സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലെ അധ്യാപകർക്കും ചുമതല നൽകിയിരിക്കുന്നത്. ഇതിനിടെ മദ്യത്തിന് ആന്ധ്രാപ്രദേശ് സർക്കാർ 75 ശതമാനം വില വർധിപ്പിക്കുകയും ചെയ്തു. നിലവിൽ 1717 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
മദ്യ ഷോപ്പുകളിൽ അധ്യാപകരെ നിയോഗിച്ചതിനെ കുറിച്ച് എക്‌സൈസ് അസിസ്റ്റൻറ് കമ്മീഷണർ ഭാസ്‌കർ റാവുവിന്റെ വാക്കുകൾ ഇങ്ങനെ: മദ്യ ഷോപ്പുകളിൽ എത്തുന്നവർക്ക് ടോക്കൺ നൽകുകയാണ് അധ്യാപകരുടെ ചുമതല. അധ്യാപകർ നൽകുന്ന ടോക്കൺ അനുസരിച്ചാകും മദ്യ വിതരണം. വിശാഖപട്ടണം ജില്ലയിലെ 311ൽ 272 മദ്യ ഷോപ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഈ വിചിത്ര തീരുമാനത്തിനെതിരെ അധ്യാപകർ രംഗത്ത് വന്നിട്ടുണ്ട്. മദ്യ ഷോപ്പുകളിൽ എത്തുന്നവർ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലിയെന്ന് അനാർകപള്ളിയിലുള്ള ഒരു അധ്യാപകൻ പറഞ്ഞു. ഈ ജോലി ചെയ്യുന്നത് അധ്യാപകരിൽ കുറ്റബോധമുണ്ടാക്കുന്നുണ്ടെന്നും ഈ നീക്കത്തെ അപലപിച്ച അധ്യാപകൻ സർക്കാരിനോട് തീരുമാനം മാറ്റണമെന്നും ആവശ്യപ്പെട്ടു.
Discussion about this post