ന്യൂഡൽഹി: രാജ്യത്തിന് തന്നെ അഭിമാനമായി 2020ലെ പുലിറ്റ്സർ പുരസ്കാരത്തിന് അർഹരായ ജമ്മുകശ്മീരിൽ നിന്നുള്ള മാധ്യമ- ഫോട്ടോഗ്രാഫർമാരെ അഭിനന്ദിച്ചതിന്റെ പേരിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് എതിരെ സംഘടിതമായ ആക്രമണം. രൂക്ഷ ഭാഷയിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപിയാണ് വ്യാപക പ്രചാരണം നടത്തുന്നത്. പ്രതിപക്ഷ പാർട്ടി കാശ്മീർ താഴ്വരയെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കണക്കാക്കുന്നുണ്ടോ എന്നും ബിജെപി ചോദിച്ചു.
കശ്മീരിനെ ഒരു തർക്ക പ്രദേശമായി കണക്കാക്കുന്നവരെയാണ് രാഹുൽ ഗാന്ധി അഭിനന്ദിച്ചതെന്നാണ് ബിജെപി വക്താവ് സാംബിത് പത്രയടെ നിരീക്ഷണം. ‘ഇതിന് സോണിയ ഗാന്ധി ഉത്തരം നൽകുമോ? കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമല്ല എന്ന രാഹുൽ ഗാന്ധിയുടെ വാദത്തിൽ സോണിയയും കോൺഗ്രസ് പാർട്ടിയും യോജിക്കുന്നുണ്ടോ. കാശ്മീരിനെ ഒരു തർക്ക പ്രദേശമായി പരിഗണിച്ചതിന് അവാർഡ് ലഭിച്ചവരെ രാഹുൽ അഭിനന്ദിച്ചു!’- സാംബിത് പത്ര ട്വീറ്റ് ചെയ്തതിങ്ങനെ.
‘ദേശവിരുദ്ധനായ രാഹുൽ ഗാന്ധി’ എന്ന ഹാഷ്ടാഗോടു കൂടിയാണ് പത്രയുടെ ട്വീറ്റ്. വിജയികളായ ഫോട്ടോഗ്രാഫർമാരിൽ ഒരാൾ എടുത്തതെന്ന് ചൂണ്ടിക്കാട്ടി ചില ചിത്രങ്ങളും ബിജെപി നേതാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അവയുടെ ഉള്ളടക്കത്തോട് രാഹുൽ ഗാന്ധി യോജിക്കുന്നുണ്ടോ എന്നും പത്ര ചോദിക്കുന്നു.
ജമ്മു കാശ്മീരിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിന്റെ ശക്തമായ നേർക്കാഴ്ചയായ ചിത്രങ്ങൾക്ക് പുലിറ്റ്സർ സമ്മാനം നേടിയ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുകളായ ദർ യാസിൻ, മുക്തർ ഖാൻ, ചന്ന് ആനന്ദ് എന്നിവരെ അഭിനന്ദിച്ചാണ് രാഹുൽ ട്വീറ്റ് ചെയ്തിരുന്നത്.
Discussion about this post