ന്യൂഡൽഹി: എഴുപത് ശതമാനം നികുതി ഉയർത്തിയതൊന്നും പ്രശ്‌നമാക്കാതെ തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ മദ്യശാലകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ തിങ്ങിക്കൂടിയുള്ള ക്യൂ കാരണം ചിലയിടങ്ങളിൽ പോലീസ് ലാത്തി ചാർജ്ജും നടത്തിയെന്നാണ് റിപ്പോർട്ട്.
ഒമ്പതു മണിക്ക് മാത്രം തുറക്കുന്ന മദ്യശാലകൾക്ക് മുന്നിൽ പുലർച്ചെ മുതൽ തന്നെ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, എഴുപത് ശതമാനം ടാക്‌സ് ഏർപ്പെടുത്തിയതിൽ തങ്ങൾക്ക് പ്രശ്‌നമല്ലെന്നും രാജ്യത്തിന് തങ്ങളുടെ കൈയിൽ നിന്നുള്ള സംഭാവന പോലെയാണ് ഇതെന്നും ഈസ്റ്റ് ഡൽഹിയിലെ ലക്ഷ്മി നഗറിലുള്ള മദ്യശാലക്ക് മുന്നിൽ വരിനിൽക്കുന്ന ഒരാൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയന്ത്രിത മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ മാർഗനിർദേശങ്ങളോടെ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം മുതലാണ് ഡൽഹിയിൽ മദ്യശാലകൾ വീണ്ടും തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചത്.
ഇതിനിടെ, തിങ്കളാഴ്ച അർദ്ധരാത്രിയോടെ പുറത്തുവന്ന ഉത്തരവിൽ ചൊവ്വാഴ്ച മുതൽ 70% അധികനികുതി മദ്യത്തിന് ഈടാക്കുമെന്ന് പറഞ്ഞിരുന്നു. ‘സ്‌പെഷ്യൽ കൊറോണ ഫീ’ എന്നാണ് ഇതിനെ ഡൽഹി സർക്കാർ വിശേഷിപ്പിച്ചത്. രാവിലെ 9 മുതൽ വൈകീട്ട് 6.30 വരെ മദ്യശാലകൾ തുറന്നുപ്രവർത്തിക്കാൻ പോലീസ് അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ ചാന്ദർ നഗറിൽ മദ്യശാലയ്ക്ക് മുന്നിൽ വരിനിൽക്കുന്നവരുടെ നേരെ ഒരാൾ പുഷ്പവൃഷ്ടി നടത്തിയിരുന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയാണ്. സർക്കാരിന്റെ കൈയിൽ പണമൊന്നുമില്ലെന്ന് പറഞ്ഞാണ് അയാൾ വരിയിലുള്ളവരുടെ മേൽ പുഷ്പവൃഷ്ടി നടത്തിയത്.
ഉപയോക്താക്കൾ സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്ന് നിരവധി മദ്യശാലകൾ തുറന്ന് വീണ്ടും അടച്ചിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനായി മദ്യവില്പനയുടെ സമയം ദീർഘിപ്പിക്കണമെന്ന നിർദേശം ഡൽഹി പോലീസ് മുന്നോട്ടുവെച്ചിട്ടുണ്ട്.
Discussion about this post