റായ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ഛത്തീസ്ഗഡിലും നാളെ മുതല്‍ മദ്യം വീട്ടിലേത്തും. മദ്യം ഹോം ഡെലിവറിയായി വില്‍പ്പന നടത്താന്‍ തീരുമാനമായി. മദ്യവില്‍പ്പന ശാലകളില്‍ തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാനത്തെ ഗ്രീന്‍ സോണ്‍ മേഖലകളില്‍ ആകും മദ്യം ഹോം ഡെലിവറിയായി എത്തിക്കുക. ഒരാള്‍ക്ക് ഒരുസമയം അഞ്ചു ലിറ്റര്‍ മദ്യം ഓണ്‍ലൈനില്‍ വാങ്ങാം. ഡെലിവറി ചാര്‍ജായി 120 രൂപ ഈടാക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബില്‍ രാവിലെ 9 മണി മുതല്‍ 1 മണിവരെ കട തുറക്കും. 1 മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി.
അതെസമയം ഛത്തീസ്ഗഢ് സര്‍ക്കാര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാനായി പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
മാര്‍ച്ച് 23 മുതല്‍ അടഞ്ഞുകിടന്ന മദ്യഷോപ്പുകള്‍ തുറന്നപ്പോള്‍ വലിയ തിരക്കാണ് സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. സാമൂഹ്യ അകലം പാലിക്കാതെയുള്ള തിരക്ക് അപകടകരമാണെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ ഓണ്‍ലൈന്‍ ഡെലിവറിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.