കൊറോണ മഹാമാരി ഒരു ‘നിരീക്ഷണ ഭരണകൂട’ത്തിന്റെ സൃഷ്ടിക്കുള്ള അവസരമായിത്തീരാന്‍ പാടില്ല; ആരോഗ്യ സേതു ആപ്പിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യസേതു മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍,സ്വകാര്യ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യസേതു ആപ്പ് ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

കൊറോണ മഹാമാരി ഒരു ‘നിരീക്ഷണ ഭരണകൂട’ത്തിന്റെ സൃഷ്ടിക്കുള്ള അവസരമായിത്തീരാന്‍ പാടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യസേതു ആപ്പ് പൊതു, സ്വകാര്യ ജീവനക്കാര്‍ക്ക് നിര്‍ബന്ധിതമാക്കാനുള്ള തീരുമാനം സ്വകാര്യതയും വിവരസുരക്ഷയും സംബന്ധിച്ച ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒരു ‘നിരീക്ഷണ ഭരണകൂട’ത്തെ സൃഷ്ടിക്കാനുള്ള അവസരമായി കൊറോണ വൈറസ് മഹാമാരി മാറാന്‍ പാടില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ രാഹുല്‍ ഗാന്ധിയടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ആരോഗ്യസേതു ആപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ആരോഗ്യസേതു ആപ്ലിക്കേഷന്‍ സങ്കീര്‍ണമായ നിരീക്ഷണ സംവിധാനമാണെന്നും സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ഔട്ട്‌സോഴ്‌സ് ചെയ്തതാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വിവരസുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ഗൗരവതരമായ ആശങ്കയാണ് അത് ഉയര്ത്തുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.

Exit mobile version