ലോകം കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദം പോലെ മാരകമായ മറ്റ് വൈറസുകള്‍ പരത്തുന്നു; വ്യാജ വാര്‍ത്തകള്‍‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകം ഒന്നടങ്കം കൊറോണ വൈറസിനെ തുരത്താന്‍ വേണ്ടിച്ച് ഒന്നിച്ച് പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദം പോലെ മാരകമായ മറ്റ് വൈറസുകള്‍ പരത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വ്യാജ വാര്‍ത്തകള്‍, വ്യാജ വീഡിയോ ദൃശ്യങ്ങള്‍ എന്നിവയിലൂടെ രാജ്യങ്ങളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മോഡി പറഞ്ഞു.

കൊറോണയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകം ഇന്ന് ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും കൊറോണയ്‌ക്കെതിരേ ചേരിചേരാ പ്രസ്ഥാനത്തിന് ആഗോള ഐക്യദാര്‍ഢ്യം സംഘടിപ്പിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധിഘട്ടത്തില്‍ ഒരു ജനാധിപത്യസംവിധാനത്തിന് ഒറ്റക്കെട്ടായി ഒരു ജനകീയപ്രസ്ഥാനത്തെ നയിക്കാന്‍ കഴിയുന്നതെങ്ങനെയെന്ന് ഇന്ത്യ തെളിയിച്ചു. 123 രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നുകളും ഔഷധങ്ങളും നല്‍കി. എന്നാല്‍, ചിലര്‍ കോവിഡിനെതിരായ ഈ പോരാട്ടത്തിനിടയിലും ഭീകരവാദം പോലെയുള്ള മാരകമായ വൈറസുകള്‍ പരത്തുകയാണെന്ന് മോഡി ചൂണ്ടിക്കാട്ടി.

സോഷ്യല്‍മീഡിയയിലും മറ്റും ഈ സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍, വ്യാജ വീഡിയോ ദൃശ്യങ്ങള്‍ എന്നിവയെല്ലാം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിലൂടെ രാജ്യങ്ങളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മോഡി വ്യക്തമാക്കി.

Exit mobile version