കൊല്‍ക്കത്ത: കൊവിഡ് 19 വൈറസ് ബാധിതരുടെയും അതുമൂലം മരിച്ചവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനസര്‍ക്കാര്‍ കൊവിഡ് വൈറസ് ബാധയെ കുറിച്ച് തെറ്റായ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഓഡിറ്റ് കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരമുള്ള 72 മരണം കൊവിഡ് മൂലമുള്ളതല്ല. കഴിഞ്ഞ മൂന്ന് ദിവസമായി കൊവിഡ് കേസുകള്‍ സംബന്ധിച്ച വിവരം പുറത്തുവിടാന്‍ സാധിക്കാത്തത് സംസ്ഥാനത്തിന്റെ കൊവിഡ് റിപ്പോര്‍ട്ടിങ് സംവിധാനത്തില്‍ ചെറിയ പിഴവ് സംഭവിച്ചത് കൊണ്ടാണ്. ആശുപത്രികളില്‍ നിന്നും കൊവിഡ് അല്ലാത്ത മരണവും കൂടെ റിപ്പോര്‍ട്ട് ചെയ്തതാണ് ഈ പ്രശ്നത്തിന് കാരണമായത്. ഇത് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നാണ് സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ പറഞ്ഞത്.
അതേസമയം ഓഡിറ്റ് കമ്മിറ്റി കണ്ടെത്തിയ 72 കൊവിഡ് രോഗികളുടെ മരണങ്ങള് ആകെ സംഖ്യയിലേക്ക് ഉള്‍പ്പെടുത്തില്ലെന്നും സംസ്ഥാന ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹ പറഞ്ഞു. കൊവിഡ് വൈറസ് ബാധയ്ക്ക് മുമ്പ് മറ്റ് രോഗങ്ങള്‍ മൂലമാണ് ഈ മരണങ്ങള് എന്നാണ് ചീഫ് സെക്രട്ടറിയുടെ വാദം.
ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 61 ആയി. അതേസമയം ഓഡിറ്റ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത 72 അധിക മരണങ്ങള് മറ്റ് ഗുരുതരരോഗങ്ങള്‍ മൂലമുള്ള മരണമാണെന്നാണ് സിന്‍ഹ പറയുന്നത്. 105 മരണം റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ഓഡിറ്റ് കമ്മിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ ഇതില്‍ 33 പേര് മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതാണ്. ബാക്കി 72 പേര് മറ്റ് ഗുരുതര ആരോഗ്യപ്രശ്നം മൂലമാണ് മരണപ്പെട്ടത്. യാദൃശ്ചികമായാണ് ഈ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടത് എന്നാണ് അദ്ദേഹം പറയുന്നത്. വെള്ളിയാഴ്ച ഹെല്‍ത്ത് സെക്രട്ടറിയും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റും പുറത്തുവിട്ട കണക്കുകളില്‍ വ്യത്യാസം വന്നതോടെയാണ് ബംഗാളിലെ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം സംബന്ധിച്ച ചര്‍ച്ച ശക്തമായത്.
Discussion about this post