ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യത്തിന് 70 ശതമാനം നികുതി കൂട്ടി കെജരിവാള്‍ സര്‍ക്കാര്‍. ഇന്ന് മുതല്‍ മദ്യത്തിന്റെ എംആര്‍പിയുടെ 70 ശതമാനം സ്പെഷ്യല്‍ കൊറോണഫീ എന്ന പേരിലാണ് ഈടാക്കുക. ഇന്നലെ രാത്രിയോടെയാണ് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ന് മുതല്‍ ഉയര്‍ന്നനിരക്ക് ബാധകമാകുമെന്നാണ് ഉത്തരവില്‍ ഉള്ളത്.
ഇന്ന് മുതല്‍ കൊറോണഫീ അടക്കം 1000 രൂപ വിലയുള്ള മദ്യത്തിന് 1700 രൂപ നല്‍കേണ്ടി വരും. ലോക്ക്ഡൗണ്‍ കാരണം നികുതി വരുമാനം നിലച്ച ഡല്‍ഹി സര്‍ക്കാര്‍ മദ്യവില്‍പ്പനയിലൂടെ ഈ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് 40 ദിവസത്തോളം അടച്ചിട്ട മദ്യഷാപ്പുകള്‍ക്ക് കഴിഞ്ഞ ദിവസമാണ് തുറക്കാന്‍ അനുമതി നല്‍കിയത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രവര്‍ത്തന സമയം.
കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്തെ 150 ഓളം മദ്യഷാപ്പുകളാണ് തുറന്നത്. മദ്യഷാപ്പുകള്‍ തുറന്നതോടെ സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലും പാലിക്കാതെ വന്ജനക്കൂട്ടാണ് മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് പല സ്ഥലങ്ങളിലും പോലീസ് ലാത്തിചാര്‍ജ് നടത്തേണ്ടി വന്നിരുന്നു. ലോക്ക്ഡൗണ്‍ സംസ്ഥാനത്തിന്റെ വരുമാനത്തേയും സമ്പദ് വ്യവസ്ഥയേയും സാരമായി ബാധിച്ചെന്ന് നേരത്തേ കെജരിവാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 3,500 കോടി വരുമാനമുണ്ടായിടത്ത് ഇത്തവണ വെറും 300 കോടി മാത്രമാണ് ലഭിച്ചതെന്നും വ്യക്തമാക്കിയിരുന്നു.
Discussion about this post