ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരില്‍ ആദ്യം എത്തിക്കുക യുഎഇയില്‍ നിന്നുള്ള പ്രവാസികളെയായിരിക്കും. ലേബര്‍ ക്യാമ്പുകളിലുള്ളവരെ കപ്പലുകളിലാണ് എത്തിക്കുക എന്നും കേന്ദ്രം വ്യക്തമാക്കി. ഇവര്‍ ഏതു രാജ്യത്തു നിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ വൈദ്യപരിശോധന നടത്തും. കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ.
ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റും. ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള പണം പ്രവാസികള്‍ തന്നെ നല്‍കണം. 14 ദിവസത്തെ ക്വാറന്റൈനു ശേഷം വീണ്ടും പരിശോധന നടത്തും. ശേഷമുളള കാര്യങ്ങള്‍ ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം തീരുമാനിക്കും. രാജ്യത്തെത്തിയതിനു പിന്നാലെ ഇവര്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
തിരികേ എത്തുന്ന പ്രവാസികള്‍ക്ക് കേരളം ക്വാറന്റൈന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിരുന്നു. വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ മെയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തത്. ടിക്കറ്റ് ചാര്‍ജ്ജ് പ്രവാസികള്‍ നല്‍കണം. കേന്ദ്രം വഹിക്കില്ല.
Discussion about this post