ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവച്ചു. പുതിയ തീയതി മേയ് 20ന് പ്രഖ്യാപിക്കും.
ഈ അവസരത്തില്‍ പരീക്ഷകളും അഭിമുഖങ്ങളും സാധ്യമല്ലെന്ന് യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് പ്രത്യേക യോഗം വിലയിരുത്തി. രണ്ടാം ഘട്ട ലോക്ക്ഡൗണിന് ശേഷമുള്ള സ്ഥിതി വിലയിരുത്തുന്നതിനായിരുന്നു പ്രത്യേക യോഗം.
മെയ് 31 നായിരുന്നു സിവില്‍ സര്‍വീസ് (പ്രിലിമിനറി) പരീക്ഷാ തീയതി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്ക്രീനിംഗ് ടെസ്റ്റ് കൂടിയായിരുന്നു ഇത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷാക്രമവും മാറ്റി. മെയ് 20ന് വീണ്ടും യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുകയും പുതിയ തീയതികള്‍ തീരുമാനിച്ച് യുപിഎസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
മാറ്റിവച്ച പരീക്ഷ തിയ്യതികള്‍ പുനഃക്രമീകരിക്കുമ്പോള്‍ കുറഞ്ഞത് 30 ദിവസം മുമ്പെങ്കിലും പരീക്ഷാര്‍ഥികളെ അറിയിക്കുമെന്ന് യുപിഎസ്സി അറിയിച്ചു.
Discussion about this post