ന്യൂഡല്‍ഹി: വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ മെയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതെസമയം ടിക്കറ്റ് ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍ വഹിക്കില്ല. ടിക്കറ്റ് ചാര്‍ജ്ജ് പ്രവാസികള്‍ തന്നെ നല്‍കണമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെതാണ് ഉത്തരവ്.
കപ്പലുകളും സൈനിക വിമാനങ്ങളും വാണിജ്യവിമാനങ്ങളും ഉപയോഗിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരിക. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തയ്യാറാക്കിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരികെ കൊണ്ടുവരേണ്ട പ്രവാസികളുടെ പട്ടിക ഇന്ത്യന്‍ എംബസികളും ഹൈക്കമ്മീഷനുകളും ചേര്‍ന്ന് തയ്യാറാക്കും.
ഇവര്‍ ഏതു രാജ്യത്തുനിന്നാണോ കപ്പലിലോ വിമാനത്തിലോ കയറുന്നത് അവിടെ വെച്ചു തന്നെ അവരുടെ പൂര്‍ണ വൈദ്യപരിശോധന നടത്തും. കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കിയതിനു ശേഷമേ യാത്രയ്ക്ക് അനുവദിക്കുകയുള്ളൂ. ഇന്ത്യയിലെത്തിച്ച ശേഷം ഇവരെ വിവിധ സംസ്ഥാനങ്ങളില്‍ സജ്ജമാക്കിയ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റും. തിരിച്ചെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
Discussion about this post