ന്യൂഡല്‍ഹി: എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ 50000 രൂപ വീതം നല്‍കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 50000 രൂപ വീതം നല്‍കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതി സര്‍ക്കാരിന് ആലോചനയില്ലെന്ന് വ്യക്തമാക്കി. ഇങ്ങനെ ഒരു പദ്ധതി സര്‍ക്കാരിനില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50000 രൂപ വീതം നല്കുന്ന പദ്ധതി തുടങ്ങാന്‍ വേണ്ടി രാഷ്ട്രീയ ശിക്ഷിത് ബെരോജ്ഗാര്‍ യോജന ആരംഭിച്ചുവെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം.
ആര്‍എസ്ബിവൈ ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റ് വഴിയാണ് വ്യാജ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്ന ആദ്യത്തെ 40000 കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് 50000 രൂപ ലഭിക്കുക എന്നും പ്രചരിപ്പിക്കപ്പെടുന്ന വ്യാജ സന്ദേശത്തിലുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴിയാകും പണം ട്രാന്‍സ്ഫര്‍ ചെയ്യുകയെന്നും പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം, പേര് രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ വെബ്സൈറ്റ് വ്യക്തി വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. സന്ദേശം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വ്യാജമാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
ഇത്തരത്തിലുള്ള പദ്ധതിയോ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പണം നല്‍കുന്നതിനോ സര്‍ക്കാരിന് ആലോചനയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കൂടാതെ വ്യക്തി വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
Discussion about this post