നാല് ദിവസത്തിനുള്ളില്‍ കൊന്നത് 40ലേറെ ആടുകളേയും ചെമ്മരിയാടുകളേയും; ‘തലവേദനയായ’ ഹിമപ്പുലിയെ ഒടുവില്‍ പിടികൂടി

ഡെറാഡൂണ്‍: ഹിമാചല്‍പ്രദേശിലെ ലാഹോള്‍-സ്പിതി ജില്ലയിലെ ഗിയു ഗ്രാമത്തില്‍ നടത്തി വന്ന ഹിമപ്പുലിയുടെ നായാട്ടിന് അവസാനം. ഹിമപ്പുലിയെ പിടികൂടിയതായി ഞായറാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്. നാല് ദിവസത്തിനുള്ളില്‍ നാല്‍പതിലേറെ ആടുകളേയും ചെമ്മരിയാടുകളേയും ആണ് പുലി കൊന്നത്.

രണ്ടാഴ്ചയായി പുലിയുടെ ഭീഷണിയുണ്ടെങ്കിലും കഴിഞ്ഞ നാല് ദിവസത്തിനുള്ളിലാണ് പുലി നാല്‍പത്തിമൂന്ന് മൃഗങ്ങളെ കൊന്നതെന്ന് അധികൃതര്‍ പറയുന്നു. പിടികൂടിയ പുലിയെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുഫ്രിയിലെ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിലേക്ക് മാറ്റുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിലവിലിരിക്കുന്ന സാഹചര്യമായതിനാല്‍ പ്രത്യേക ഗതാഗത സംവിധാനമൊരുക്കിയാണ് പുലിയെ മാറ്റിയത്.

ആടുകളെ കൂട്ടമായി കൊന്നൊടുക്കിയതിനെ തുടര്‍ന്ന് പുലിയെ പിടികൂടാനായി കെണിയും സ്ഥാപിച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് ഒരു കന്നുകാലി ഫാമിലൊരുക്കിയ കെണിയിലാണ് പുലി വീണത്. ഗ്രാമീണര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് റെയ്ഞ്ചറിന്റെ നേതൃത്വത്തിലെത്തിയ സംഘം പുലിയെ കീഴടക്കുകയും ചെയ്തു.

Exit mobile version