ലോക്ക് ഡൗണ്‍ വിനയാകുന്നു; കോടിയുടെ മദ്യം കെട്ടിക്കിടക്കുന്നു, എട്ട് ലക്ഷം ലിറ്റര്‍ ബിയര്‍ ഉപേക്ഷിക്കേണ്ടി വന്നേയ്ക്കും, റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിപ്പിച്ചതോടെ മദ്യോല്‍പാദന കേന്ദ്രങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാവുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ എട്ട് ലക്ഷം ലിറ്റര്‍ ബിയര്‍ ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം. രാജ്യത്തെ 250 ബ്രൂവറികളില്‍ ഉല്‍പാദിപ്പിച്ച കുപ്പികളില്‍ നിറയ്ക്കാത്ത ബിയറാണ് കളയേണ്ടിവരിക.

ലക്ഷക്കണക്കിന് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പലയിടങ്ങളിലായി കെട്ടിക്കിടക്കുകയാണ്. ബ്രൂവറികളില്‍ ഉല്‍പാദിപ്പിച്ച കുപ്പികളില്‍ നിറയ്ക്കാത്ത ബിയര്‍ ഏറെ ദിവസം കേടുകൂടാതെ സൂക്ഷിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. ഇത് തണുപ്പിച്ച് കേടുകൂടാതെ സൂക്ഷിക്കുന്നതിന് വൈദ്യുതി അടക്കമുള്ള ചെലവുകളുണ്ടാകും എന്നതുകൊണ്ട് പല ബ്രൂവറികളിലും കെട്ടിക്കടക്കുന്ന ബിയര്‍ ഒഴുക്കിക്കളയുകയാണ് ചെയ്യുന്നത്. സ്ഥിതി ഇങ്ങനെതന്നെ തുടരുകയാണെങ്കില്‍ എട്ടുലക്ഷം ലിറ്റര്‍ ബിയറാണ് ഇത്തരത്തില്‍ വിവിധ ബ്രൂവറികളില്‍ ഒഴുക്കിക്കളയേണ്ടിവരികയെന്ന് ഇന്ത്യന്‍ ക്രാഫ്റ്റ് ബ്രൂവേഴ്സ് അസോസിയേഷന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ബ്രൂവറികളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ബിയര്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അസോസിയേഷന്‍ വ്യക്തമാക്കി. മറ്റു പല രാജ്യങ്ങളിലും ഈ രീതി നിലവിലുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 700 കോടി രൂപ വിലവരുന്ന 12 ലക്ഷം കേയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം മദ്യവില്‍പന വിലക്കിയതിനാല്‍ മദ്യവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

Exit mobile version