ശ്രീനഗർ: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന നീണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ ഒരാൾ ലഷ്കറെ ത്വയ്ബ കമാൻഡർ ഹൈദർ. കാശ്മീർ പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പാകിസ്താൻ പൗരനും ലഷ്കറെ ത്വയ്ബ ഉന്നത കമാൻഡറുമായ ഹൈദറിനെയാണ് ഇന്ത്യൻ സുരക്ഷാസേന വധിച്ചതെന്ന് കാശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ ചാഞ്ച്മുല്ല മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കേണലും മേജറും ഉൾപ്പെടെ നാല് സൈനികരും ഒരു പോലീസ് ഓഫീസറും വീരമൃത്യു വരിച്ചിരുന്നു.
ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ എട്ടുമണിക്കൂറോളം കഴിഞ്ഞാണ് അവസാനിച്ചത്. ഹന്ദ്വാര പ്രദേശത്തെ ഒരു വീട്ടിൽ ഭീകരവാദികൾ കടക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യവും ജമ്മു കാശ്മീർ പോലീസും സംയുക്തമായി ഓപ്പറേഷൻ നടത്തിയത്. സുരക്ഷാസേന വീട്ടുകാരെ മോചിപ്പിക്കുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്യുകയായിരുന്നു.
Discussion about this post