‘എന്റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്, തെരുവിലല്ല’; കമ്മ്യൂണിറ്റി കിച്ചണിന് അകത്ത് തുപ്പയത് ന്യായീകരിച്ച് ബിജെപി എംഎൽഎ; പിഴ ഈടാക്കി അധികൃതർ

അഹമ്മദാബാദ്: ലോക്ക്ഡൗൺ കാലത്ത് പട്ടിണിയിലായവർക്ക് ആശ്വാസമായ സാമൂഹ്യ അടുക്കളയിൽ തുപ്പി ഗുജറാത്തിലെ രാജ്‌കോട്ടിലെ ബിജെപി എംഎൽഎ. അടുക്കള സന്ദർശിക്കാനെത്തിയ എംഎൽഎ അടുക്കളക്കുള്ളിൽ തുപ്പുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്.

എംഎൽഎ അരവിന്ദ് റെയ്‌നായി ആണ് അടുക്കളയ്ക്കുള്ളിൽ എത്തിയ ഉടനെ മുഖത്തുനിന്നും മാസ്‌ക് മാറ്റി നിലത്ത് തുപ്പിയത്. നടപടി വിവാദമായതോടെ എംഎൽഎയിൽ നിന്നും 500 രൂപ പിഴ ഈടാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

എന്നാൽ സ്വന്തം നടപടിയെ ന്യായീകരിച്ച് എംഎൽഎ വിവാദം കത്തിക്കാനാണ് ശ്രമിച്ചത്. ‘ഞാൻ എന്റെ സ്വന്തം സ്ഥലത്താണ് തുപ്പിയത്. സർക്കാരിന്റെ ഭൂമിയിലോ റോഡിലോ അല്ല. എങ്കിലും തെറ്റ് മനസിലാക്കുന്നു. 500 രൂപ പിഴ അടക്കാൻ തയ്യാറാണ്’, എന്നായിരുന്നു എംഎൽഎയുടെ ധിക്കാരം നിറഞ്ഞ വാക്കുകൾ.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിച്ച് വിവിധ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരും പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാക്കണമെന്ന നിർദേശം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംഎൽഎ വിവാദമായ പ്രവർത്തി ചെയ്ത് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്.

Exit mobile version