ഭോപ്പാൽ: റിവേഴ്‌സ് എഞ്ചിനീയറിങ് പ്രയോഗിച്ച് അതിബുദ്ധി കാണിച്ച യുവാവ് പിടിയിൽ. സാനിറ്റൈസറിൽ നിന്ന് മദ്യം നിർമ്മിച്ച മധ്യപ്രദേശിലെ യുവാവാണ് പോലീസ് പിടിയിലായത്. മധ്യപ്രദേശിലെ റൈസൻ ജില്ലയിലാണ് സംഭവം. ഹാൻഡ് സാനിറ്റൈസറിലെ പ്രധാന ഘടകമായ ആൽക്കഹോൾ വേർതിരിച്ചെടുത്ത് മദ്യനിർമ്മാണം നടത്തുകയായിരുന്നു ഇയാൾ.
സംഭവത്തിൽ ബോറിയ ജഗിർ ഗ്രമാവാസിയായ ഇന്ദാൽ സിങ് രജ്പുത് എന്ന യുവാവിനെ പിടികൂടുകയായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മദ്യശാലകൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ഏറെ ആവശ്യക്കാരുള്ള സാനിറ്റൈസറുകൾ നിർമ്മിക്കാൻ സംസ്ഥാനത്തെ നിരവധി ഡിസ്റ്റിലറികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു.ഇതുപ്രകാരം സംസ്ഥാനത്ത് ആൽക്കഹോളിന്റെ ഉയർന്ന അളവ് ചേർത്ത ഹാന്റ് സാനിറ്റൈസറുകൾ ലഭ്യമാണ്.
72 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറിൽ നിന്നാണ് പിടിയിലായ രജ്പുത് മദ്യം നിർമ്മിച്ചിരുന്നതെന്ന് മധ്യപ്രദേശ് പോലീസ് പറഞ്ഞു. അസാധാരണമായിട്ടാണ് ഇത്തരത്തിലൊരു സംഭവമെന്നും പോലീസ് പ്രതികരിച്ചു.
Discussion about this post