ന്യൂഡല്‍ഹി: കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ കുടുങ്ങിയത്. എന്നാല്‍ ഇവരോട് ഇപ്പോള്‍ സ്വന്തം വീടുകളിലേയ്ക്ക് എത്രയും വേഗം മടങ്ങണമെന്നാണ് ജാമിയ മിലിയ സര്‍വകാശാല നല്‍കിയിരിക്കുന്ന നിര്‍ദേശം. കേന്ദ്രം ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് തീരുമാനം.
സംസ്ഥാന സര്‍ക്കാരുകളുടെ ഗതാഗത, യാത്രാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ഹോസ്റ്റലുകളില്‍ നിന്ന് തിരിച്ചു പോകാനാണ് നിര്‍ദ്ദേശം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം.
ജൂലൈയില്‍ നടക്കാനിരുന്ന പരീക്ഷയുടെ ക്രമം അറിയിക്കാമെന്നും സര്‍വ്വകലാശാല അറിയിക്കുകയും ചെയ്തു. പരീക്ഷകള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള റിസോഴ്സ് മെറ്റീരിയലുകള്‍ ഓണ്‍ലൈനില്‍ ആക്സസ് ചെയ്യാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.