ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച് പാകിസ്താന്. നിയന്ത്രണരേഖയ്ക്ക് സമീപം രാംപുരില്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാകിസ്താന് നടത്തിയ വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് സൈനിക ആശുപത്രിയില്‍ ചികിത്സയിലിരുന്ന രണ്ട് സൈനികരാണ് ഇന്ന് രാവിലെ മരിച്ചത്. ഹവല്‍ദാര്‍ ഗോകരണ്‍ സിങും നായിക് ശങ്കര്‍ എസ്പി കോയിയുമാണ് വീരമൃത്യു വരിച്ച സൈനികര്‍. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു സൈനികന് ചികിത്സയിലാണ്.
ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നര മണിയോടെ പ്രകോപനമൊന്നുമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ബാരമുള്ളയിലെ രാംപുര്‍ സെക്ടറില്‍ പാകിസ്താന് വെടിവെയ്പ് നടത്തിയെന്നാണ് സൈനികവക്താവ് കേണല്‍ രാജേഷ് കാലിയ ഔദ്യോഗികക്കുറിപ്പില്‍ അറിയിച്ചത്. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം അവസാനം നിയന്ത്രണരേഖയിലെ പൂഞ്ചില്‍ പാകിസ്താന് വെടിവെയ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഏപ്രില്‍ 29 ന് മാന്‍കോട്ടിലും മെന്ധാരിലും പ്രകോപനമില്ലാതെ പാകിസ്താന് ആക്രമണം നടത്തിയിരുന്നു.
Discussion about this post