ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗികള്‍ നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെന്നൈയിലെ വിദ്യാലയങ്ങള്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാന്‍ നിര്‍ദേശം. നഗരത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും നാളെയ്ക്കകം ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാന്‍ കോര്പ്പറേഷന് കമ്മീഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
അടിയന്തിര സാഹചര്യത്തെ നേരിടാനായി സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ നാളെയ്ക്കകം ഏറ്റെടുത്ത് ഐസലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റാനാണ് നിര്‍ദേശം. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരെയും രോഗം സംശയിക്കുന്നവരെയും ഇത്തരം ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റണമെന്ന് മെഡിക്കല്‍ കോളജ് ഡീനുമാര്‍ ആരോഗ്യ സെക്രട്ടറിയെ അറിയിച്ചിരുന്നു.
അതിനിടെ നഗരത്തില്‍ രോഗം ബാധിച്ചവരില്‍ 98 ശതമാനം രോഗികള്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. 768 പേരാണ് രോഗലക്ഷണങ്ങളില്ലാതെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത് സ്ഥിതി ഗുരുതരമാക്കുന്നതായി കോര്പ്പറേഷന് കമ്മീഷണര്‍ വ്യക്തമാക്കുകയും ചെയ്തു.
തമിഴ്നാട്ടില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1082 പേര് ചെന്നൈയിലാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2526 ആയി.
അതിനിടെ ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ കോയമ്പേട് കോവിഡിന്റെ മറ്റൊരു പ്രഭവ കേന്ദ്രമായി കോര്പ്പറേഷന് പ്രഖ്യാപിച്ചു. ഇതുവരെ 38 പേര്‍ക്കാണ് ഇവിടെ നിന്ന് മാത്രം രോഗം പകര്‍ന്നത്. ഒരാഴ്ചക്കുള്ളില്‍ മാര്‍ക്കറ്റിലെത്തിയ 38 പേര് രോഗബാധിതരായി.
Discussion about this post